തിരുവനന്തപുരം: മാനവിക ബോധത്തിലുറച്ച രാഷ്ട്രീയമായിരുന്നു വയലാര്‍ രാമവര്മയുടെതെന്നു കവിയും പ്രഭാഷകനുമായ എന്‍.എസ്. സുമേഷ് കൃഷ്ണന്. വയലാര്‍ രാമവര്‍മ സാംസ്കാരിക വേദിയുടെ "വയലാര്‍ രാമവര്‍മ 2026' പ്രഭാഷണ സദസിന്റെ സമാപന ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വയലാര്‍ രാമവര്‍മയുടെ 50-ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് തൈക്കാട് ജി. ചിത്തരഞ്ജന് ഹാളിലായിരുന്നു പ്രഭാഷണ സദസ്. വയലാര്‍ ഉള്‍പ്പെടെയുള്ള സര്‍ഗ പ്രതിഭകളായ കവികള്‍ തങ്ങള്‍ക്കു വേണ്ടിയല്ല, സമൂഹത്തിനുവേണ്ടി ജീവിച്ചവരാണ് എന്നും സുമേഷ് കൃഷ്ണന് ചൂണ്ടിക്കാട്ടി. വയലാറിന്റെ "അധ്വാനത്തിൻ വിയര്‍പ്പാണ് ഞാന്‍' എന്ന കവിത സുമേഷ് കൃഷ്ണന് അവതരിപ്പിച്ചു.
മുന്‍ മന്ത്രി ജി.ആര്. അനില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.പി. ജയചന്ദ്രന് അധ്യക്ഷത വഹിച്ചു. ജയചന്ദ്രന് കല്ലിംഗല്‍, വയലാര്‍ രാമവര്‍മ സാംസ്കാരികവേദി സെക്രട്ടറി മണക്കാട് രാമചന്ദ്രന്, വിജയകുമാര്‍, ഗോപൻ ശാസ്തമംഗലം, വയലാര്‍ രാമവര്‍മ മഹിളാ സാംസ്കാരിക വേദി സെക്രട്ടറി മിനി ദീപക്, ഉഷാറാണി, താര എന്നിവര്‍ പങ്കെടുത്തു.